Skip to main content

ചികിത്സാച്ചെലവുകളും ഇന്‍ഷുറന്‍സ് പരിരക്ഷയും

ക്യാൻസർ എന്ന മാരകരോഗം പിടിപെട്ട് അതിനെ ധൈര്യമായി നേരിട്ട് ചികിൽസിച്ചു അസുഖം ഭേദമായി ജീവിതത്തിലേക്കു തിരിച്ചു വന്ന പ്രമുഖരായ ചില വ്യക്തികളെ ഓർമ്മിച്ചെടുക്കാം. മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സിനിമാനടൻ ഇന്നസെന്റ് ആയിരിക്കും. ക്യാൻസറിനെ തോൽപ്പിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്നതിനു ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ച്‌ ഇപ്പോൾ എം പി ആയി ജനസേവനം നടത്തുന്നു. അദ്ദേഹത്തിന്റെ പ്രിയതമയും ഈ അസുഖത്തിന്റെ പിടിയിലാവുകയും അതേപോലെ തന്നെ ചികിൽസിച്ചു ഭേദമായി ജീവിതത്തിലേക്കു മടങ്ങി വരികയും ചെയ്തു.

കായികപ്രേമികളുടെ മനസിലേക്കു ആദ്യം കടന്നുവരുന്നത് യുവരാജ് സിംഗിന്റെ പേരായിരിക്കും. ശ്വാസകോശ ക്യാൻസർ ബാധിച്ച അദ്ദേഹം അമേരിക്കയിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയമായി പൂർണമായും രോഗവിമുക്തനായി ജീവിതത്തിലേക്കു തിരിച്ചു വരികയും 2012 ലെ ടി-20 ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്ത വിജയഗാഥ അറിയാത്ത ഇൻഡ്യാക്കാരനുണ്ടാവില്ല.

ബോളിവുഡ് നടി മനീഷ കൊയ്‌രാള നാല്പത്തിരണ്ടാം വയസിൽ ഒവേറിയൻ ക്യാൻസർ എന്ന അസുഖത്തിന്റ പിടിയിലായി. അവരും അമേരിക്കയിൽ പോയി കീമോതെറാപ്പിയും മറ്റും ചെയ്തു ജീവിതത്തിലേക്കു തിരിച്ചെത്തി. തലമുടി നഴ്പ്പെട്ടെങ്കിൽകൂടി അവരുടെ പോസറ്റീവ് എനർജിക്കും ആന്തരിക സൗന്ദര്യത്തിനും ഒരു മങ്ങലും ഏൽപ്പിക്കാൻ ആ രോഗത്തിനായില്ല.
ഇങ്ങിനെ മാരകമായ ക്യാൻസർ രോഗത്തെ സധൈര്യം നേരിട്ട് തോൽപ്പിച്ച ധാരാളം ആളുകളെക്കുറിച്ചു നമുക്കറിയാമെങ്കിലും ഇതിന്റെ മറുപുറം കാണാതിരുന്നുകൂടാ. മേൽപ്പറഞ്ഞവരെല്ലാം ക്യാൻസറിനെ നേരിട്ടത് ആത്‌മബലം ഒന്നുകൊണ്ടു മാത്രമല്ല. ഉന്നത നിലവാരത്തിലുള്ള ചികിത്സ തേടുന്നതിനുള്ള സാമ്പത്തിക ഭദ്രത ഇവർക്കെല്ലാം ഉണ്ടായിരുന്നു എന്നുള്ളത് ഭാഗ്യത്തോടൊപ്പം അവരെ തുണച്ച മറ്റൊരു സംഗതിയാണ്. ഇത്രയും  സാമ്പത്തിക ഭദ്രത ഇല്ലാത്ത ഇടത്തരക്കാരായ ആളുകൾ രോഗഗ്രസ്തരായാലുള്ള കഷ്ടത പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. റീജിയണൽ ക്യാൻസർ സെന്ററുകളിലെ വാർഡുകളിൽകൂടി ഒന്നു കയറിയിറങ്ങിയാൽ നിസ്സഹായരായി വിറങ്ങലിച്ചു നിൽക്കുന്ന പല രോഗികളെയും അവരുടെ

കുടുംബാംഗങ്ങളെയും കാണുവാൻ കഴിയും. പണം ചെലവാക്കാനുണ്ടെങ്കിൽ ഈ രോഗം ചികിൽസിച്ചു ഭേദമാക്കാമെന്ന തിരിച്ചറിവ് അവർക്കുണ്ട്. പക്ഷെ, ഭാരിച്ച തുക കണ്ടെത്താൻ മാർഗമില്ല. ചികിത്സാച്ചെലവ് താങ്ങാനാകാതെ പലരും ബ്ലേഡ് മാഫിയയുടെ കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു. അതിൽനിന്നും തലയൂരുവാനായി കിടപ്പാടം വിൽക്കുവാൻ തയ്യാറായി നിൽക്കുന്നു ചിലർ. പക്ഷെ, ഭൂമിക്ക് ഉദ്ദേശിച്ച വില കിട്ടുന്നില്ല. വിറ്റാൽ കടം വീട്ടാനുള്ളതുപോലും കിട്ടുകയില്ലായെന്ന യാഥാർഥ്യം ഒരു വശത്ത്. മറുവശത്ത്, ഉള്ളത് വിറ്റു കഴിഞ്ഞാൽ പിന്നെയെന്തെന്നു ചിന്തിക്കുവാനുള്ള സാവകാശം പോലും കൊടുക്കുവാൻ തയാറാകാതെ സാഹചര്യത്തിന്റെ ഗുണഫലം എടുക്കുവാൻ വെമ്പുന്ന ബ്ലേഡ് മാഫിയ. പലരും കൂട്ട ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോകുന്ന സാഹചര്യങ്ങൾ.
ക്യാൻസർ മാത്രമല്ലാ ഹൃദ്‌രോഗമോ കിഡ്‌നി, ലിവർ സംബന്ധമായ രോഗങ്ങളുടെയോ ഒക്കെ കാര്യം ഇങ്ങിനെ തന്നെ. ആധുനിക വൈദ്യശാസ്ത്രം രോഗവിമുക്തിക്കുള്ള ചികിത്സ ഉറപ്പുതരുന്നു; പക്ഷെ ചികിത്സാച്ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം കിട്ടുമോ എന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇത് അസാധ്യമാണെന്നും നമുക്കറിയാം. ദാരിദ്ര്യ രേഖക്കു താഴെയുള്ളവരെ കണ്ടില്ലായെന്നു നടിക്കുവാൻ ഒരു സർക്കാരിനും കഴിയില്ല. അവർക്ക് എന്തെങ്കിലും സഹായങ്ങൾ ചെയ്തെന്നും വരാം. പക്ഷെ, ഇടത്തരക്കാരുടെ മുൻപിൽ എന്താണ് വഴി? പലരും സഹതാപം അറിയിക്കുമ്പോഴും നമ്മളെ വൃണപ്പെടുത്തേണ്ടായെന്നു കരുതി ചോദിക്കാതെ വിടുന്ന ഒരു ചോദ്യം അവരുടെയെല്ലാം മനസ്സിലുണ്ടാകും. നിങ്ങൾ പൂർണ്ണ ആരോഗ്യവാനായി ജോലി ചെയ്ത് പണം സമ്പാദിച്ചിരുന്നപ്പോൾ ഇങ്ങിനെയൊരു സന്നിഗ്ദാവസ്ഥ ജീവിതത്തിൽ ഉണ്ടാവാം എന്ന സാധ്യത എന്തുകൊണ്ട് കണക്കിലെടുത്തില്ലാ, എന്തുകൊണ്ട് അതിനു വേണ്ട കരുതൽ കൈക്കൊണ്ടില്ലാ എന്നാവും സ്വാഭാവികമായും ആ ചോദ്യം.


ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ  ആശംസിക്കുന്നു. ഒരു ദിവസം മുപ്പതോ നാല്പതോ അമ്പതോ രൂപാ നീക്കിവെച്ചാൽ മാരക രോഗങ്ങളുടെ പിടിയിൽപ്പെട്ടാൽ പത്തുലക്ഷം രൂപാ വരെ ചികത്സാചെലവായും  ദൗർഭാഗ്യവശാൽ ജീവൻ നഷ്ടപ്പെട്ടാൽ കുടുംബത്തിന് ഇരുപത്തിയഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെ ലഭിക്കാവുന്നതുമായ സുരാക്ഷാ പ്ലാനുകൾ ഇൻഷുറൻസ് കമ്പനികൾ സാമൂഹ്യ സുരക്ഷക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.



Comments