ക്യാൻസർ എന്ന മാരകരോഗം പിടിപെട്ട് അതിനെ ധൈര്യമായി നേരിട്ട് ചികിൽസിച്ചു അസുഖം ഭേദമായി ജീവിതത്തിലേക്കു തിരിച്ചു വന്ന പ്രമുഖരായ ചില വ്യക്തികളെ ഓർമ്മിച്ചെടുക്കാം. മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സിനിമാനടൻ ഇന്നസെന്റ് ആയിരിക്കും. ക്യാൻസറിനെ തോൽപ്പിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്നതിനു ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് ഇപ്പോൾ എം പി ആയി ജനസേവനം നടത്തുന്നു. അദ്ദേഹത്തിന്റെ പ്രിയതമയും ഈ അസുഖത്തിന്റെ പിടിയിലാവുകയും അതേപോലെ തന്നെ ചികിൽസിച്ചു ഭേദമായി ജീവിതത്തിലേക്കു മടങ്ങി വരികയും ചെയ്തു. കായികപ്രേമികളുടെ മനസിലേക്കു ആദ്യം കടന്നുവരുന്നത് യുവരാജ് സിംഗിന്റെ പേരായിരിക്കും. ശ്വാസകോശ ക്യാൻസർ ബാധിച്ച അദ്ദേഹം അമേരിക്കയിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയമായി പൂർണമായും രോഗവിമുക്തനായി ജീവിതത്തിലേക്കു തിരിച്ചു വരികയും 2012 ലെ ടി-20 ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്ത വിജയഗാഥ അറിയാത്ത ഇൻഡ്യാക്കാരനുണ്ടാവില്ല. ബോളിവുഡ് നടി മനീഷ കൊയ്‌രാള നാല്പത്തിരണ്ടാം വയസിൽ ഒവേറിയൻ ക്യാൻസർ എന്ന അസുഖത്തിന്റ പിടിയിലായി. അവരും അമേരിക്കയിൽ പോയി കീമോതെറാപ്പിയും മറ്റും ചെയ്തു ...